സ്വാഗതം
വെട്ടത്തുനാടിന്റെ ഐശ്വര്യസ്ഥാനമായ ഇരിങ്ങാവൂര്‍ ശിവക്ഷേത്രം പുനരുദ്ധാരണത്തിന് ഒരുങ്ങുകയാണ്. നാശോന്മുഖമായിക്കിടക്കുന്ന ക്ഷേത്രം പുനര്‍നിര്‍മിച്ച് നവീകരണകലശം നടത്തണമെന്ന് പ്രശ്നവശാല്‍ കണ്ടിരുന്നു. നാലമ്പലം, ബലിക്കല്പുര, ഉപദേവതയായ ഭഗവതിയുടെ സന്നിധി എന്നിവയുടെ നിര്‍മാണമാണ് ഉടന്‍ തുടങ്ങുക. ക്ഷേത്രത്തിന്റെ പഴയ പ്രൗഢിയും ചൈതന്യവും വീണ്ടെടുക്കുന്ന തരത്തില്‍ അതിഗംഭീരമായിത്തന്നെയാണ് പുനരുദ്ധാരണയജ്ഞം നടത്തുന്നത്. അരക്കോടിയിലേറെ രൂപ ഇതിന് ചെലവു വരും. നാടിന് മുഴുവന്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഈ യജ്ഞത്തിന് എല്ലാ ഭക്തരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്ഷേത്ര
നവീകരണയജ്ഞത്തില്‍
പങ്കെടുക്കൂ...
ചരിത്രം
കൈലാസനാഥന് എഴുന്നള്ളിയ കഥ
കൈലാസനാഥനായ സാക്ഷാല്‍ പരമശിവന് ഇരിങ്ങാവൂരില്‍ എഴുന്നള്ളി കുടിയിരുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്.
1800 വര്‍ഷം മുമ്പാണ് ആ സംഭവം. ഇന്ന് ക്ഷേത്രം നില്ക്കുന്ന സ്ഥലം അന്ന് ഒഴിഞ്ഞ ഒരു പ്രദേശമായിരുന്നു. പ്രശാന്തസുന്ദരമായ ഈ സ്ഥലത്ത് ഒരു സന്ന്യാസിശ്രേഷ്ഠന് എത്തി. അദ്ദേഹം നിത്യവും ഇവിടെയിരുന്ന് ശിവനെ ധ്യാനിക്കാന്‍ തുടങ്ങി. സന്ന്യാസിശ്രേഷ്ഠന്റെ നിത്യധ്യാനത്തിന്റെ ഫലമായി ഇവിടെ ശിവചൈതന്യമുണ്ടായി. കൈലാസനാഥനായ ശിവഭഗവാന് ഇങ്ങോട്ട് നേരിട്ട് എഴുന്നള്ളി എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം. വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ താമസിക്കാനായി എത്തിയ ബ്രാഹ്മണദമ്പതിമാര്‍ ഈ ശിവചൈതന്യം തിരിച്ചറിഞ്ഞു. മക്കളില്ലാതെ ദു:ഖിച്ചിരുന്ന അവര്‍ പ്രസ്തുതസ്ഥലത്ത് ശിവപ്രതിഷ്ഠ നടത്തി ആരാധന തുടങ്ങി. ഭഗവത്പ്രീതിയാല് അവര്‍ക്ക് സന്താനങ്ങളുണ്ടായി. ഈ ബ്രാഹ്മണകുടുംബം പിന്നീട് രണ്ടായി പിരിഞ്ഞ് ഇവിടം വിട്ടുപോയി.
വെട്ടത്തുരാജാവിന്റെ സാമന്തന്മാരായിരുന്ന കോട് ലെ നമ്പിടി എന്ന നാടുവാഴികുടുംബം ക്ഷേത്രത്തിന്റെ പരിപാലനം ഏറ്റെടുത്തു. ബ്രാഹ്മണശ്രേഷ്ഠന്മാരായിരുന്ന ഒരുമ്പുലാശ്ശേരി മനക്കാര്‍ക്കായിരുന്നു ഊരായ്മ. കാലക്രമത്തില്‍ നാടുവാഴികുടുംബം അന്യം നിന്നു പോയി. ഒരുമ്പുലാശ്ശേരിമന ക്ഷയിക്കുകയും ചെയ്തു. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിന്റെ ഭൂമി അന്യാധീനപ്പെട്ടു. പില്ക്കാലത്ത് ഭക്തര്‍ ക്ഷേത്രസംരക്ഷണസമിതി രൂപീകരിച്ച് നിയമപ്പോരാട്ടത്തിലൂടെ ഈ ഭൂമി വീണ്ടെടുത്തു. തുടര്‍ന്ന് തകര്‍ന്നുപോയ ക്ഷേത്രം പുനര്‍നിര്‍മിച്ച് ആരാധന തുടങ്ങുകയും ചെയ്തു. എന്നാല്‍ ശ്രീകോവില്‍, തിടപ്പള്ളി, രണ്ട് ഉപദേവതാപ്രതിഷ്ഠകള്‍ എന്നിവ മാത്രമുള്ള ക്ഷത്രം കൂടുതല്‍ ബൃഹത്തായി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

